SEARCH


Arya Poonkanni Theyyam - ആര്യ പൂങ്കന്നി തെയ്യം

Arya Poonkanni Theyyam -  ആര്യ പൂങ്കന്നി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Arya Poonkanni Theyyam - ആര്യ പൂങ്കന്നി തെയ്യം

ആരിയര്‍ നാട് തുടങ്ങിയ അന്യ ദേശങ്ങളില്‍ നിന്ന് മരക്കലം വഴി ഇവിടെ ദേവതകള്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് വിശ്വാസം. അത്തരം മരക്കല ദേവതകളില്‍ ചിലത് തെയ്യാട്ടത്തില്‍ കാണാം. ആര്യപൂങ്കന്നി, ആര്യപൂമാല, ആര്യക്കര ഭഗവതി, ആയിറ്റി ഭഗവതി, ഉച്ചുളിക്കടവത്ത് ഭഗവതി, ശ്രീശൂല കുമാരിയമ്മ (മരക്കലത്തമ്മ), ചുഴലി ഭഗവതി എന്നിവര്‍ ദേവിമാരും വില്ലാപുരത്ത് അസുരാളന്‍ ദൈവം, വടക്കേന്‍ കോടിവീരന്‍, പൂമാരുതന്‍, ബപ്പിരിയന്‍, എന്നിവര്‍ പുരുഷ ദേവന്മാരാണ്.

ആരിയക്കര നറുംകയത്തിൽ വാഴും ആര്യപ്പട്ടരുടേയും ആര്യപ്പട്ടത്തിയുടേയും മകളായി ജനിച്ച ദേവകന്യാവാണ് ആര്യപ്പൂങ്കന്നി. മംഗല്യത്തിനു അണിയുവാൻ മുത്തു പോരാതെ വന്നപ്പോൾ സഹോദരന്മാരോടൊപ്പം മരക്കലത്തിൽ മുത്തു തേടി യാത്രയായി ആര്യപ്പൂങ്കന്നി. യാത്രയ്ക്കിടയിൽ കൊടുങ്കാറ്റിൽ പെട്ട് മരക്കലം തകർന്ന് ഏഴു ദിവസം കടലിലലഞ്ഞ് എട്ടാം ദിവസം കരയ്ക്കടുത്തു. എന്നാൽ തൻ്റെ സഹോദരന്മാരെ കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ ആര്യപ്പൂങ്കന്നി കടൽക്കരയിലൂടെ അവരെയന്വേഷിച്ച് യാത്രയാവുന്നു. യാത്രയ്ക്കിടയിൽ കടലിൽ കണ്ട മരക്കലത്തിൽ തന്നേയും കയറ്റാമോയെന്ന് ദേവി ചോദിക്കുന്നു. എന്നാൽ കപ്പിത്താൻ ബപ്പിരിയൻ ആര്യപ്പൂങ്കന്നിയെ കൂടെക്കൂട്ടാൻ സമ്മതിച്ചില്ല. പകരം പരിഹസിച്ചുകൊണ്ട് വെള്ളത്തിനു മുകളിൽ കൂടി നടന്നു വന്നാൽ മരക്കലത്തിൽ കയറ്റാമെന്നു പറഞ്ഞത്രേ. ദേഷ്യത്താൽ ആര്യപൂങ്കന്നി ഗംഗയുപദേശമന്ത്രം ജപിച്ച് ചൂരൽക്കോലുകൊണ്ട് വെള്ളത്തിലടിച്ചപ്പോൾ കടൽവെള്ളം മരക്കലം വരെ ഒഴിഞ്ഞു കൊടുത്ത് ദേവിയ്ക്ക് വഴിയൊരുക്കിയത്രേ. ദേവിയുടെ ചൈതന്യം മനസ്സിലാക്കിയ ബപ്പിരിയൻ ഭഗവതിയെ വണങ്ങി മരക്കലത്തിലേക്കുള്ള വഴിയൊരുക്കി. തുടർന്ന് ആര്യപൂങ്കന്നിയും ബപ്പിരിയനും സഹോദരന്മാരെ അന്വേഷിച്ച് യാത്ര തുടരുന്നു. വെൺമണലാറ്റിൻകരമേൽ സഹോദരന്മാരെ കണ്ടെത്തിയ പൂങ്കന്നി അവരെ അവിടെ കുടിയിരുത്തി വീണ്ടും മരക്കലമോടിച്ച് യാത്രയാവുന്നു.

ഏഴിമലയിലാണ് ആ യാത്ര അവസാനിച്ചത് ശ്രീ ശങ്കരനാരായണനെ വണങ്ങിയ ദേവി കുന്നോത്തു വീട്ടിലെഴുന്നള്ളി ആതിഥ്യം സ്വീകരിച്ചു. രണ്ടാമതായി ദേവിയുടെ മരക്കലമടുത്തത് ചെറുകുന്ന് കാവിൽമുനമ്പ് കടവിനടുത്തുള്ള കൂരാങ്കുന്നിലാണ്. അങ്ങനെ കൂരാങ്കുന്നിൽ ആര്യപൂങ്കന്നിയമ്മയ്ക്ക് സ്ഥാനം ലഭിച്ചുകൊണ്ട് ഒരു ക്ഷേത്രമുയർന്നു. ഭഗവതിയുടെ ആരൂഢ സ്ഥാനമായി അറിയപ്പെടുന്നത് കൂരാങ്കുന്ന് ഭഗവതി ക്ഷേത്രമാണ്. വൈദിക രീതിയിലാണ് ഈ ക്ഷേത്രത്തിൻ്റെ ആരാധന സമ്പ്രദായം. ചുറ്റമ്പലത്തോടു കൂടിയ ക്ഷേത്രത്തിൽ അകത്ത് ബ്രാഹ്മണരുടെ നിത്യപൂജയും പുറത്ത് കളിയാട്ടവുമാണ് നടക്കാറുള്ളത്. ഭഗവതി കൂരാങ്കുന്നിൽ നിന്നും മറ്റു ദേശങ്ങളിലേക്കും എഴുന്നള്ളി അവിടങ്ങളിൽ സ്ഥാനം നേടിയെന്നാണ് പുരാവൃത്തം. കീച്ചേരി ചിറകുറ്റി പുതിയ കാവിലാണ് ആര്യപൂങ്കന്നി രണ്ടാമതായി എത്തിച്ചേർന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തളിപ്പറമ്പിനടുത്ത കോക്കുന്നം ഇല്ലത്തെ ബ്രാഹ്മണൻ്റെ വെള്ളോലക്കുടയാധാരമായി വെള്ളാവ് ദേശത്തെത്തിയ ഭഗവതി ആ ബ്രാഹ്മണ ഗൃഹത്തിൽ സാന്നിധ്യം ചെയ്തത്രേ. എന്നാൽ ഇവിടെ കൈതക്കീൽ ഭഗവതി എന്ന പേരിലാണ് ഭഗവതി അറിയപ്പെടുന്നത്. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലും ആര്യപൂങ്കന്നിയെ കെട്ടിയാടിക്കുന്നുണ്ട്.

ആര്യപ്പൂങ്കന്നിയുടെ പുറപ്പാട് തെയ്യക്കാഴ്ച്ചകളിൽ വളരെ വ്യത്യസ്തവും മനോഹരവുമായ ഒന്നാണ്. പുറപ്പാട് സമയത്ത് ഭഗവതിയുടെ തിരുമുടി മറച്ചിട്ടുണ്ടാകും. മുഖം മറച്ച് കൈയിൽ ശരക്കോലും വാൽക്കണ്ണാടിയുമേന്തി കാലിൽ മെതിയടി ധരിച്ച് കുലീനയായ ഒരു യുവതിയെപ്പോലെയാണ് ഭഗവതിയുടെ പുറപ്പാട് ഉണ്ടാവുക. കൈതക്കീൽ ഭഗവതിക്ക് മുച്ചിലോട്ട് ഭഗവതിയോട് സാദൃശ്യമുള്ള രൂപമാണ്. എന്നാൽ കണ്ണൂർ ഭാഗത്ത് ഇതിൽ നിന്നും വ്യത്യസ്തമായ രൂപത്തിലാണ് ഭഗവതിയെ കെട്ടിയാടാറുള്ളത്. ഐതീഹ്യത്തെ അനുസ്മരിച്ചു കൊണ്ട് ആര്യപൂങ്കന്നിയെ കെട്ടിയാടുന്ന ക്ഷേത്രങ്ങളിൽ മുഹമ്മദീയനായ ബപ്പിരിയൻ്റേയും തെയ്യക്കോലം കെട്ടിയാടാറുണ്ട്.

വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. ആര്യപൂങ്കന്നി ഭഗവതിയെ കെട്ടിയാടിക്കുന്നതോടൊപ്പം തന്നെ ചിലയിടങ്ങളിൽ മുഹമ്മദീയനായ ബപ്പിരിയൻ തെയ്യത്തെയും ചില കാവുകളിൽ കെട്ടിയാടിക്കുന്നു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848